Articles From Warmmaj With Love Details

എന്റെ വാര്‍ത്ത- എന്റേതു മാത്രം

calender 25-05-2022

ഈയിടെ ഇന്ത്യയിലെ ഒരു കോടി മുപ്പത്തഞ്ചു ലക്ഷം ദരിദ്രരായ പ്രൈമറിസ്‌ക്കൂള്‍ കുട്ടികള്‍ അവര്‍ക്കിന്നു വരെ ലഭിക്കാതിരുന്ന ഉച്ചഭക്ഷണം ഇപ്പോള്‍ വയറു നിറയെ കഴിച്ച് സന്തുഷ്ടരായി കൈകഴുകുന്നു എന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ പെട്ടെന്നു മനസ്സില്‍ വന്നത് ഒരു കഥയാണ്. 

രണ്ടു സ്‌നേഹിതകള്‍ ആഫീസില്‍ തലേദിവസത്തെ വീട്ടു വിശേഷം പങ്കിടുകയായിരുന്നു. ഒന്നാം പാര്‍ട്ടി പറഞ്ഞു. എനിക്കിന്നലെ നല്ല രസമായിരുന്നു. ശരിക്കും എന്‍ജോയ് ചെയ്തു. നിന്റെ ഈവനിംഗ് എങ്ങിനെ ഉണ്ടായിരുന്നു? അറു ബോറ്. അതെന്താ? ചേട്ടന്‍ വീട്ടിലെത്തി, നേരെ ഡൈനിംഗ് ടേബിളിലോട്ടൊരു നോട്ടം. ഒരു മാതിരി വല്ലാത്ത ആര്‍ത്തിയോടെ പ്ലേറ്റിലിരുന്ന ചപ്പാത്തിയും കൂട്ടാനും മൂന്നു മിനിട്ടിനകം ഉള്ളിലാക്കി. കൈ കഴുകി നേരെ ഒരൊറ്റപ്പോക്ക്. ബെഡ് റൂമിലേക്ക്. രണ്ടു മിനിട്ട്. ഞാന്‍ പാത്രം കഴുകി അടുക്കള ഒതുക്കി ചെന്നപ്പോ ഴേക്ക് ആള് കൂര്‍ക്കം വലിച്ച് നല്ല ഉറക്കം. ഇങ്ങിനെയൊരു ഈവനിംഗ്! നിനക്കോ? എനിക്ക് വണ്ടര്‍ഫുള്‍ അനുഭവമായി രുന്നു. എന്റെ ആള് വീട്ടില്‍ വന്നയുടന്‍ പറഞ്ഞു. വാ, നമുക്ക് ഇന്നൊരു റൊമാന്റിക്ക് ഔട്ടിംഗ് ആക്കാം. എന്നിട്ട് കുറെ നേരം ഞങ്ങള്‍ പാര്‍ക്കില്‍ കറങ്ങി. പിന്നെ ഒരു ശരിക്കുമുള്ള കേരളാ ഭക്ഷണം. നാടന്‍ വിഭവങ്ങളുടെ രുചി അനുഭവിച്ച് കലക്കന്‍ ഡിന്നര്‍. പിന്നെ ഇന്നലെ നല്ല നിലാവായിരുന്നു. വയറു നിറഞ്ഞപ്പോള്‍ അത്താഴമുണ്ടാല്‍ അരക്കാതം നടക്കണമെന്നല്ലിയോ പഴഞ്ചൊല്ല്. ഞങ്ങള്‍ ആ നിലാവും ആസ്വദിച്ച് ഒരു മണിക്കൂര്‍ ചുറ്റിക്കറങ്ങി നടന്നു. പത്തു മണിയായി വീട്ടിലെത്തിയപ്പോള്‍. പിന്നെ ശരിക്കും ക്ലൈമാക്‌സ്. ലൈറ്റിട്ടില്ല. പുള്ളിക്കാരന്‍ മുറിയിലെല്ലാം മെഴുകുതിരി കത്തിച്ചു വച്ചു. ഒരു ഫെയറി ടെയില്‍ ഈവനിംഗ്.

ഇതേ സമയം അവരുടെ ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ തലേ ദിവസത്തെ സായാഹ്നത്തെക്കുറിച്ച് പറയുകയായിരുന്നു.

ഒന്നാം പാര്‍ട്ടിയുടെ ഭര്‍ത്താവ് ചോദിച്ചു. തന്റെ ഇന്നലെ എങ്ങിനെ ആയിരുന്നു? ഓ, ഗ്രേറ്റ്. ഞാന്‍ ആഫീസില്‍ നിന്ന് വന്നു. നല്ല വിശപ്പ്. നോക്കിയപ്പോള്‍ ഡൈനിംഗ് ടേബിളില്‍ അന്നേരം ഓവനില്‍ നിന്നെടുത്തു വച്ച ചൂടു ചപ്പാത്തിയും ഉഗ്രന്‍ ഉരുളക്കിഴങ്ങു കറിയും. കറി ഇന്നലത്തേതായിരുന്നു. പക്ഷെ ട്വെന്റി ഫോര്‍ ഔവേഴ്‌സ് ഫ്രിഡ്ജിലും പിന്നെ ഓവനിലും ഇരുന്നപ്പോള്‍ എന്താ ടേസ്റ്റ്? അതു പോലെ ചപ്പാത്തിയും. റഡിമേഡ് പാക്കറ്റില്‍. റിയലി ഈ ഫുഡ് ടെക്‌നോളജിയിലെ വിപ്ലവം. സമ്മതിക്കണം. ഞാന്‍ ഇരുന്ന് ചപ്പാത്തിയും കറിയും ഒറ്റയടിക്കു തീര്‍ത്ത് ഒന്നു കണ്ണടച്ചു. കൈ കഴുകി നേരെ കിടക്കയിലേക്ക്. കിടന്ന പാട് അറിഞ്ഞില്ല. ഒറ്റയുറക്കം. സ്‌നേഹം തുളുമ്പി നിന്ന വീട്ടിലെ അന്തരീക്ഷം. മനസ്സിന് സന്തോഷം നല്‍കിയ രുചികരമായ ഭക്ഷണം. എല്ലാ തളര്‍ച്ചയും ഇല്ലാതാക്കിയ സുഖകരമായ ഉറക്കം. റിയലി, ആകെ ഒരു സ്വര്‍ഗ്ഗീയ അനുഭൂതി. ഇനി, തനിക്കോ ?ഒന്നാം പാര്‍ട്ടിയുടെ ഭര്‍ത്താവ് ദുഃഖം മറയ്ക്കാതെ പറഞ്ഞു. ഹോറിബിള്‍. അറു ബോറ്. ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഭക്ഷണമില്ല. കടേന്നു മേടിച്ച കുറച്ചു ചപ്പാത്തിയും ഇന്നലത്തെ ഒരു തീയലും ഫ്രിഡ്ജിലുണ്ടായിരുന്നു. പക്ഷെ കറന്റില്ലാത്തതു കാരണം ഫ്രിഡ്ജ് വര്‍ക്കു ചെയ്തിരുന്നില്ല. രണ്ടും വായില്‍ വയ്ക്കാന്‍ കൊള്ളാത്ത പരുവമായി. കുറ്റം എന്റേതാ. ഇലക്ട്രിസിറ്റി ബില്ലടയ്ക്കാത്തതിന് ഇന്നു രാവിലെ കണക് ഷന്‍ കട്ടു ചെയ്യുമെന്ന് ബോര്‍ഡുകാര് പറഞ്ഞതാ. ഞാന്‍ ബില്ലടയ്ക്കാന്‍ മറന്നുപോയി. പിന്നെ എന്താ നിവര്‍ത്തി? വീട്ടിലിരിക്കാന്‍ പറ്റുമോ? കൊതുകും, കൊല്ലുന്ന ഉഷ്ണവും. പിന്നെ അവളെയും കൂട്ടി പാര്‍ക്കിന്റതിലേ പോയി. കുറെ കറങ്ങി. പാര്‍ക്കിലൊക്കെ എന്താ തിരക്ക്! ഓരോരുത്തനും വന്ന് ഇടിച്ചു കൊണ്ടാ നടപ്പ്. പിള്ളേരെക്കൊണ്ടുള്ള ബഹളമാണെങ്കില്‍ പറയാനും വയ്യ. ഇതുങ്ങള്‍ക്കൊക്കെ വൈകിട്ട് വീട്ടിലിരുന്നാല്‍ പോരേ! മടുത്തു. വൈകിട്ടു വല്ലതും കഴിക്കേണ്ടേ? വലിയ ഹോട്ടലില്‍ കയറിയാല്‍ അവന്മാര് മുടിപ്പിക്കും. തട്ടു കടേന്ന് ദോശേം കടലേം പിന്നെ ഓംലറ്റും കഴിച്ചു. ഇപ്പോള്‍ തട്ടുകടേലും കൊല്ലുന്ന വിലയാ. ദോശേടെ വലിപ്പവും കുറച്ചു. പൈസ കൊടുത്തു കഴിഞ്ഞപ്പോള്‍ പോക്കറ്റു കാലി. ഓട്ടോയ്ക്കു കാശില്ല. പിന്നെ നടന്നു. രണ്ടു കിലോമീറ്റര്‍. വഴീല് ഫുട്പാത്തില്‍ പലേടത്തും കുഴിയായിരുന്നു. വെളിച്ചമില്ല. സ്വല്പം നിലാവുണ്ടായിരുന്നതു കാരണം സൂക്ഷിച്ചു നോക്കി ഒരു മാതിരി അപകടമില്ലാതെ വീട്ടിലെത്തി. ടെന്‍ഷന്‍ തന്നെ. വീട്ടില്‍ ഭാഗ്യത്തിന് രണ്ടു മെഴുകുതിരിക്കഷണം ബാക്കി ഇരിപ്പുണ്ടായിരുന്നു. അത് കത്തിച്ചു വച്ച് കൊതുകിനെയും അടിച്ച് എങ്ങിനെയെങ്കിലും രാത്രി കഴിച്ചു കൂട്ടി. ഇത്ര ബോറ് ഒരു ഈവനിംഗ് ജീവിതത്തിലുണ്ടായിട്ടില്ല. 

ഇത് കഥയാണ്. പക്ഷെ വാസ്തവവുമാണ്. യാഥാര്‍ത്ഥ്യം എന്തായാലും അതിന്റെ അവതരണമാണ് പ്രധാനം.ഇത് അച്ചടി മാദ്ധ്യമത്തിലാകുമ്പോള്‍ സുപ്രധാനമായി മാറുന്നു.ദ്യശ്യ മാദ്ധ്യമത്തില്‍ ഏറെ പണിപ്പെടണം അവതരണത്തിലൂടെ യാഥാര്‍ത്ഥ്യത്തിന് തങ്ങളുടേതായ മാറ്റം വരുത്താന്‍.ഇന്ന് ശരിക്കും ടെക്‌നോളജിയുടെ ആക്രമണം സ്വന്തം അസ്തിത്വത്തെ പ്പോലും ബാധിക്കുന്ന രീതിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് അച്ചടി മാദ്ധ്യമത്തിലാണ്. കടലാസും അച്ചടി മഷിയും ഇല്ലാതായാലും സാരമില്ല. ഓണ്‍ ലൈനുണ്ട്. പക്ഷെ അക്ഷരം വേണ്ടാതെ വന്നാലോ?

ഒന്നര വയസ്സുകാരന്‍ കുഞ്ഞിന് പൂച്ചയെ മനസ്സിലാകാന്‍ CAT എന്ന തികച്ചും പൂച്ചയുമായി യാതൊരു ബന്ധവുമില്ലാത്ത വരകളും വരകളുമായി ബന്ധമില്ലാത്ത ഉച്ചാരണവും അവ ചേരുമ്പോള്‍ ഇതൊന്നുമല്ലാത്ത ക്യാറ്റ് എന്ന ശബ്ദവും ആവശ്യമില്ല. പക്ഷെ അവനത് പഠിച്ചേ തീരൂ. ബില്‍ ഗേറ്റ്‌സ് പറയുന്നത് ടെക്‌നോളജി ഒരു പുതിയ സംവേദനഭാഷയിലൂടെ പൂച്ചയെ കുഞ്ഞിനു മുന്നില്‍ കൊണ്ടുവരും. കുഞ്ഞിന്റെ തലച്ചോറിലെ ദശകോടി സെല്ലുകള്‍ സ്ഥിരമായി ജീവിതകാലം മുഴുവന്‍ ഈ വരകളും ഉച്ചാരണവും അതിന്റെ അര്‍ത്ഥവും തമ്മിലുള്ള കണ്‍വെര്‍ഷന്‍ പ്രോസസ്സിനായി പടയാളികളാക്കി വച്ചിരിക്കുന്ന ഇന്നത്തെ സ്ഥിതി മാറും. പക്ഷെ അത് എങ്ങിനെ ആയിരിക്കുമെന്ന് സ്വപ്നം കാണാന്‍ ഹാരി പോട്ടറുടെ മാജിക്കു ലോകത്തിനു പോലും ഇന്ന് വിഷമമാണ്. എങ്കിലും ഒന്ന് തീര്‍ച്ചയായും പ്രവചിക്കാം. രണ്ടു തലമുറയ്ക്കപ്പുറം അച്ചടി മാദ്ധ്യമങ്ങളും സംവേദനത്തിന് അക്ഷരങ്ങളുടെ അനിവാര്യതയും ഇല്ലാതായാല്‍ നാം അദ്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍ത്തന്നെ ഈ മാറ്റത്തിന് നാമറിയാതെ തുടക്കം ഇട്ടു കഴിഞ്ഞു. റേഡിയോയും ടെലിവിഷനും വാര്‍ത്തകള്‍ തത്സമയം നല്‍കാനുള്ള കഴിവ് നേടിയപ്പോള്‍ അച്ചടി മാദ്ധ്യമ ത്തിന് പഴക്കമുള്ള വാര്‍ത്തകളേ നല്‍കാന്‍ പറ്റുന്നുള്ളു. ഈ ഏയ്ജഡ് ന്യൂസും നിറച്ചു വരുന്ന കടലാസു പത്രത്തിനോ ഓണ്‍ലൈന്‍ പത്രത്തിനോ മൂന്നു വയസ്സു മുതല്‍ മുതല്‍ ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടെയും വാര്‍ത്ത കണ്ട് വളരുന്ന കുഞ്ഞുങ്ങളെ പിടിച്ചിരുത്തി വായിപ്പിക്കാനായി പുതുതായി ഒന്നും നല്‍കാന്‍ കഴിവുണ്ടാകുകയില്ല. അപ്പോഴെന്തു ചെയ്യും? കുരുക്ഷേത്രയുദ്ധം ആരംഭിച്ചു കഴിഞ്ഞു. ജെയിംസ് ജോയ്‌സും പിക്കാസോയും ബെണ്‍സ്റ്റണും ചെയ്തപോലെ ഹൈ ബ്രോ ആയിട്ടല്ല. പക്ഷെ എങ്ങിനെ ചെയ്യണമെന്നും ഇപ്പോഴും നമുക്കു കൃത്യമായി രൂപമില്ല. ഏറ്റവും സങ്കടകരം ഈ അച്ചടി മാദ്ധ്യമരംഗത്തിനുപോലും പുറത്തു നില്‍ക്കുന്ന ഒരു വലിയ കൂട്ടം ജനം ഉണ്ടെന്നതാണ്. ഇന്ന് ലോകമൊട്ടാകെ ഏകദേശം 78 കോടി ജനം നിരക്ഷരരാണ്. അതായത് ഏഴു വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ അഞ്ചിലൊരാള്‍ക്ക് ഇപ്പോഴും വായന അന്യമാണ്. അവരില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണ്. അമ്മയുടെ മടിയിലിരുന്നാണ് ലോകത്തെവിടെയും കുഞ്ഞുങ്ങള്‍ ശരിതെറ്റുകളുടെ ആദ്യപാഠം പഠിക്കുന്നത്. അറിവിന്റെ ആദ്യഖനി തുറന്നു കാണുന്നത്. ആ അമ്മമാര്‍ കൂടുതല്‍ നിരക്ഷരരാണ് എന്നത് ആധുനികസമൂഹത്തിന്റെ മാനസികവും വൈജ്ഞാനികവും വൈകാരികവുമായ പുരോഗതിയെ പിന്നിലേക്ക് പിടിച്ചു നിര്‍ത്തുന്നുണ്ട്. സാക്ഷരതയും ദാരിദ്ര്യവും തമ്മിലും സാക്ഷരതയും ആരോഗ്യവും തമ്മിലും സാക്ഷരതയും സ്ത്രീകളോടു കാട്ടുന്ന മുന്‍വിധിയോടെയുള്ള അസമത്വ മനോഭാവവും തമ്മിലും ഉള്ള ബന്ധം ആധുനിക സമൂഹത്തിന്റെ സ്വഭാവവിശേഷമാണ്. ഇന്ത്യയുടെ സാക്ഷരത 1881 ല്‍ 3.2 ശതമാനം ആയിരുന്നത് 1931 ല്‍ 7.2 ശതമാനവും 1947 ല്‍ 12.2 ശതമാനവും ആയി വര്‍ദ്ധിച്ചു. ഇന്ന് 2011 ലെ സെന്‍സസ് പ്രകാരം അത് 74.04 ശതമാനമാണ്. സ്വതന്ത്ര ഭാരതത്തില്‍ സാക്ഷരതയുടെ വര്‍ദ്ധനവ് ആറിരട്ടി ആണെങ്കിലും ലോകനിലവാരമായ 84 ശതമാനത്തിന് വളരെ താഴെയാണ് നാം ഇന്നും. ലോകരാഷ്ട്രങ്ങളില്‍ ഏറ്റവുമധികം നിരക്ഷരരുള്ള രാജ്യം നമ്മുടേതാണെന്ന് കണക്കുകള്‍ കാട്ടുന്നു. സര്‍ക്കാരിന്റെയും അനവധി സാമൂഹ്യസംഘടനകളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിനു ശേഷവും നമ്മുടെ സാക്ഷരതയിലുള്ള പുരോഗതി വളരെ മന്ദഗതിയിലാണ്. 1990 ലെ ഒരു പഠനപ്രകാരം അന്നത്തെ നിലയിലുള്ള പ്രവര്‍ത്തനശൈലിയില്‍ ആഗോളലവലില്‍ നാം എത്താന്‍ 2060, ഇനിയും അമ്പതോളം വര്‍ഷം എങ്കിലും ആകുമെന്നായിരുന്നു പ്രവചനം. ഇതു പോലും അസാദ്ധ്യമായേക്കുമെന്ന മട്ടിലാണ് 2001-2011 ലെ പുരോഗതി. ഇക്കാലത്ത് സാക്ഷരതയിലുണ്ടായ ഉയര്‍ച്ചയായ 9.2 ശതമാനം അതിനു മുമ്പുള്ള ദശകത്തിനെക്കാള്‍ കുറവായിരുന്നു. 1944 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയെ ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ജന്റ് സ്‌ക്കീം എന്നൊരു പ്ലാന്‍ കൊണ്ടുവന്നു. അത് പ്രകാരം 1984 ആകുമ്പോഴേക്ക് ഇന്ത്യ 100 ശതമാനം സാക്ഷരത നേടും എന്നായിരുന്നു കണക്കുകൂട്ടല്‍. എവിടെയാണ് പ്രശ്‌നം? ദരിദ്രരായ ജനത്തിന് ആഹാരമാണ് വിദ്യാഭ്യാസത്തെക്കാള്‍ മുന്‍ഗണന എന്നതായിരിക്കണം.

 

കെ. എല്‍. മോഹനവര്‍മ്മ

 

Share